PSYCOLOGY

                   ഒരു നല്ല ശോധകത്തിനു വേണ്ട ഗുണങ്ങള്‍
ഒരു നല്ല ശോധകത്തിന് ഇനി  പറയുന്ന ഗുണങ്ങള്‍ അത്യന്താപേക്ഷിതമാണ്.
1. ഉദ്ദേശ്യാധിഷ്ഠിതം
ബോധനോദ്ധേശ്യങ്ങളുടെ ആപേക്ഷികമൂല്യംകണക്കിലെടുത്ത് ആ ഉദ്ദേശ്യങ്ങളെ പരിശോധിക്കാന്‍ പര്യാപ്തമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തണം
2. സമഗ്രത
തെരഞ്ഞെടുക്കുന്ന പാഠഭാഗങ്ങളെ മുഴുവന്‍ സ്പര്‍ശിക്കുന്ന ചോദ്യങ്ങള്‍ വേണം എന്ന ഗുണമാണ് സമഗ്രത.ബോധന ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരം പൂര്‍ണ്ണമാകണമെങ്കില്‍ സമഗ്രത എന്ന ഗുണം വേണം.
3. വൈധത
ഒരുദ്ദേശത്തെ അളക്കാനുദ്ദേശിച്ച് തയ്യാറാക്കുന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേവരാന്‍ പാടുള്ളൂ.ചോദ്യത്തിന് കൃത്യതയും സൂക്ഷ്മതയും ഉറപ്പാക്കുന്ന ഗുണമാണ് വൈധത.ഒരു ചോദ്യത്തിന് ഒന്നില്‍ കൂടുതല്‍ ശരിയുത്തരങ്ങള്‍ വരാന്‍ പാടില്ല.
4. വസ്തുനിഷ്ഠത
വ്യക്തമായ ഉദ്ദേശങ്ങളെ ആസ്പദമാക്കി തയ്യാറാക്കുന്ന ചോദ്യങ്ങള്‍ക്ക് വസ്തു നിഷ്ഠത എന്ന ഗുണമുണ്ടാകും.വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഉത്തരത്തെ ബാധിക്കില്ല.ആര്‍ക്കും വിലയിരുത്താനാകും
5. വിശ്വാസ്യത
ശോധകത്തിന്റെ സ്ഥിരതയാണ് വിശ്വാസ്യത എന്ന ഗുണം കൊണ്ടര്‍ത്ഥമാക്കുന്നത്.വൈധതയും വസ്തുനിഷ്ഠതയുമുള്ള ചോദ്യങ്ങള്‍ക്കാണ് വിശ്വാസ്യത എന്ന ഗുണമുണ്ടാകുന്നത്.
6. വിവേചന ശക്തി
ഒരു ക്ലാസ്സില്‍ വിവിധ നിലവാരത്തിലുള്ള കുട്ടികളുണ്ടാകും.ഇവരെ വേര്‍തിരിച്ചു കാട്ടുന്ന ശോധകത്തിന്റെ ഗുണമാണ് വിവേചന ശക്തി.വ്യക്തി വ്യത്യാസങ്ങളെ പരിഗണിച്ച് ലളിതം,ശരാശരി,കഠിനം എന്നീ തരത്തിലുള്ള ചോദ്യങ്ങള്‍ ഒരു നല്ല ശോധകത്തില്‍ ഉണ്ടാകണം
7. പ്രായോഗികത
ശോധകത്തിനു പൊതുവില്‍ വേണ്ടുന്ന ഒരു ഗുണമാണിത്.കുട്ടികള്‍ക്ക് അനായാസം ഗ്രഹിക്കാന്‍ കഴിയുന്ന ചോദ്യങ്ങളാകണം ശോധകത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.ചോദ്യഭാഷ ലളിതവും ദുര്‍ഗ്രഹത ഇല്ലാത്തതുമാകണം.ശോധകം തയ്യാറാക്കുന്നതിനെടുക്കുന്ന സമയം,ചെലവ് ഇവ ലാഭകരമാകണം.വിലയിരുത്താന്‍ ബുദ്ധിമുട്ടുണ്ടാകരുത്.
                                     വസ്തുനിഷ്ഠ ചോദ്യങ്ങള്‍ 
ഒരു ചോദ്യപേപ്പറില്‍ പലതരം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്.വസ്തുനിഷ്ഠ മാതൃക,ഹ്രസ്വോത്തര മാതൃക,ഉപന്യാസ മാതൃക,ഇങ്ങനെ ഇതില്‍ വളരെ പ്രധാനപ്പെട്ട ഒരിനമാണ് വസ്തുനിഷ്ഠ ചോദ്യങ്ങള്‍ .ഇവയുടെ മേന്മകള്‍ താഴെപ്പറയുന്നു.
1. കുറച്ചു സമയം കൊണ്ട് കൂടുതല്‍ ചോദ്യങ്ങള്‍ക്കുത്തരമെഴുതാം
2. കൂടുതല്‍ പാഠഭാഗങ്ങള്‍ കുറച്ചുസമയം കൊണ്ട് വിലയിരുത്താം.സമഗ്രത എന്ന ഗുണം ഇതിനാലുറപ്പാക്കാം.
3. ഒരു ചോദ്യത്തിന് ഒരുത്തരം മാത്രമേ ഉണ്ടാകൂ.വസ്തുനിഷ്ഠത എന്ന ഗുണം അതിനാല്‍ ഇവയ്ക്കുണ്ട്.
4. ഒരുദ്ദേശത്തെ മാത്രം മുന്‍നിര്‍ത്തിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കുക.അതിനാല്‍ ഉദ്ദേശാധിഷ്ഠിതമാണ്.
5. ഉദ്ദേശാധിഷ്ഠിതമായതിനാല്‍ വൈധത ഉയര്‍ന്ന നിലവാരം പുലര്‍ത്തും.ഫലം ഏറെ കുറേ സ്ഥിരമായിരിക്കും.
6. വൈധതയുള്ളതിനാല്‍ വിശ്വാസ്യത എന്ന ഗുണം ഉറപ്പായും ലഭിക്കുന്നു.
7. മൂല്യനിര്‍ണ്ണയം വേഗത്തിലും അനായാസവും നടക്കുന്നു.
                                        ഹ്രസ്വോത്തര മാതൃകാ ചോദ്യങ്ങള്‍
ഇവയ്ക്ക് രണ്ടോ അതിലധികമോ മൂല്യാംശങ്ങളുണ്ടായിരിക്കും.പാഠഭാഗങ്ങളെ എല്ലാം സ്പര്‍ശിച്ച് ചോദ്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.ചെറിയ ഉത്തരങ്ങലായതിനാല്‍ സമയനിഷ്ഠ പാലിക്കാം.
ഉദ്ദേശ്യങ്ങളുടെ ഉയര്‍ന്നതലങ്ങള്‍ അളക്കാന്‍ പര്യാപതമല്ല.അപഗ്രഥനത്തിനുള്ള കഴിവോ യുക്തി വിചാരമോ അളക്കുന്നില്ല. ഒരു പരിധി വരെ ഉത്തരങ്ങള്‍ ആത്മനിഷ്ഠമാകാം.
                                                        ഉപന്യാസങ്ങള്‍
ഭാഷയില്‍ ഒഴിച്ചു കൂടാനാവാത്ത പ്രാധാന്യം ഉപന്യാസങ്ങള്‍ക്കുണ്ട്.സങ്കീര്‍ണ്ണവും വൈവിധ്യപൂര്‍ണ്ണവുമായ ഭാഷാവ്യവഹാരങ്ങളെ വിലയിരുത്താന്‍ ഈ മാതൃകയിലെ ചോദ്യങ്ങള്‍ക്ക് കഴിയുന്നു.വിഷയാപഗ്രഥനത്തിനുള്ള കഴിവ്,വിശദീകരണത്തിനും നിരൂപണത്തിനുമുള്ള ശേഷി,ശൈലികള്‍ ,ചൊല്ലുകള്‍ സാഹിത്യഭംഗിയുള്ള ഇതര ഭാഷാ പ്രയോഗങ്ങള്‍ ഇവ ഉപയോഗിക്കുന്നതിനുള്ള കഴിവ്,തനതു ഭാഷാ ശൈലി രൂപപ്പെടുത്തല്‍,ആശയാനുസൃതം ഭാഷ ഉപയോഗിക്കാനുള്‌ള കഴിവ് ഇവയെല്ലാം വിലയിരുത്താന്‍ ഉപന്യാസമാതൃകയിലെ ചോദ്യങ്ങള്‍ ആവശ്യമാണ്.
ഉപന്യാസ മാതൃകാ ചോദ്യങ്ങള്‍ ഉപയോഗിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഇവയാണ്,
1. സങ്കീര്‍ണ്ണ ഭാഷാവ്യവഹാരങ്ങളുടെ പരിശോധനയ്ക്ക്
2. ലേഖന ലൈപുണി ഭാഷാ പ്രയോഗങ്ങളുടെ പരിശേധനയ്ക്ക്
3. മനോഭാവങ്ങള്‍ ,താല്‍പ്പര്യങ്ങള്‍ ,അഭിപ്രായങ്ങള്‍ ഇവയറിയാന്‍
4. കുട്ടികളുടെ എണ്ണം കുറവാണെങ്കില്‍ ഉത്തരം ഊഹിച്ചെഴുതാനാവില്ല.കോപ്പിയടിക്കും അവസരമില്ല.ചോദ്യനിര്‍മ്മിതി എളുപ്പമാണ്.
                                  നിദാന ശോധകങ്ങള്‍(Diagnostic tests)
കുട്ടികളുടെ പഠനത്തിലും ബോധനത്തിലും വരുന്ന തകരാറുകളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സഹായിക്കുന്ന ശോധകങ്ങളാണ് നിദാന ശോധകങ്ങള്‍ .കുട്ടികളുടെ ബുദ്ധിമുട്ടുകള്‍ ശാസ്ത്രീയമായി പരിനയിക്കാന്‍ നിദാന ശോധകങ്ങളിലൂടെ കഴിയുന്നു.സിദ്ധിശോധകങ്ങളുടെ റിസള്‍ട്ടില്‍ പിന്നില്‍ നില്ക്കുന്നവര്‍ക്കാണ് സാധാരണ നിദാന ശോധകങ്ങള്‍ കൊടുക്കുക
നിദാന ശോധകങ്ങളില്‍ സമയക്ലിപ്തത ഇല്ല.കുട്ടിക്ക് വേണ്ടുന്ന സമയമെടുക്കാം.കഠിന ചോദ്യങ്ങള്‍ ഒഴിവാക്കാം.
നിദാന ശോധകത്തിന്റെ അപഗ്രഥനത്തിലൂടെ പ്രശ്‌നങ്ങള്‍ വേഗം കണ്ടെത്താം.
                                 അഭിരുചി പരീക്ഷകള്‍ or പ്രവചന ശോധകങ്ങള്‍
ഒരു പ്രത്യേക മേഖലയിലുള്ള കുട്ടിയുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് ആ മേഖലയിലെ പ്രകടനം ഊഹിക്കുന്ന,പ്രവചിക്കുന്ന ശോധകങ്ങളാണ് പ്രവചന ശോധകങ്ങള്‍.
അനുയോജ്യ കോഴ്‌സുകള്‍ ,ജോലി ഇവ തെരഞ്ഞെടുക്കുന്നതിന് ഇത് സഹായിക്കുന്നു.പല ജോലികള്‍ക്കും യോഗ്യരായവരെ  തെരഞ്ഞെടുക്കാനും അനഭിമതരെ ഒഴിവാക്കാനും അഭിരുചി പരീക്ഷകള്‍ പ്രയോജനപ്പെടുന്നു.
                                           നിരന്തര മൂല്യനിര്‍ണ്ണയം
വിദ്യാഭ്യാസത്തിലൂടെ ഒരു വ്യക്തിയുടെ സമ്പൂര്‍ണ്ണ വികാസമാണ് ലക്ഷ്യമിടുന്നത്.അതു കൊണ്ടു തന്നെ മൂല്യനിര്‍ണ്ണയ പ്രക്രിയ്യയും വ്യക്തിത്വത്തിന്റെ സമസ്തമേഖലകളെയും ഉള്‍ക്കൊള്ളേണ്ടതാണ്.ബുദ്ധിയുടെ ചില തലങ്ങള്‍ മാത്രമേ സാധാരണ പരീക്ഷകളിലൂടെ അളക്കപ്പെടുന്നുള്ളൂ.ഇന്ന് പഠനത്തോടും ബോധനരീതികളോടുമുള്ള സമീപനം മാറിയിരിക്കുന്നു.ബുദ്ധിപരം,വൈകാരികം,കായികം,വൈയക്തികം ഇങ്ങനെ എല്ലാ തലങ്ങളിലെയും വികസനം ലക്ഷ്യമിട്ടാണ് ഇന്ന് പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.
ഇന്ന് നിലവിലുള്ള ഗ്രേഡിംഗ് സമ്പ്രദായത്തിന്റെ കാതല്‍ നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണ്ണയ പ്രക്രിയ്യയാണ്.
                                                     ഗ്രേഡിംഗ്
കുട്ടിയുടെ പഠന മൂല്യത്തെ അക്കങ്ങളില്‍ നിന്ന് പ്രതീകങ്ങളിലേയ്ക്ക് മാറ്റുകയാണിവിടെ.വളരെ മോശം എന്ന നിലവാരത്തില്‍ നിന്ന് ഏറ്റവും മെച്ചം എന്ന ക്രമത്തിലാണ് ഗ്രേഡ് നല്‍കുക. E,E+,D,D+,C,C+,B,B+,A,A+   എന്നീ ക്രമത്തിലാണ് ഗ്രേഡുകള്‍ നല്‍കുന്നത്.
                                            പ്രത്യക്ഷ ഗ്രേഡുകള്‍
പഠിതാക്കളുടെ ഓരോ പ്രകടനത്തിനും പ്രത്യേകമായി ഗ്രേഡുകള്‍ നല്‍കുന്നു. A to E,F,G  ഇങ്ങനെ ഏതുവരെയുമാകാം.പ്രത്യക്ഷ ഗ്രേഡിംഗില്‍ ചിലപ്പോള്‍ തെറ്റു പറ്റാം.അതിനാല്‍ ഗ്രേഡ് സ്‌കോറിലാക്കി ഗ്രേഡ് പോയിന്റ് ആവറേജ് കാണുന്നു
                                             ആപേക്ഷിക ഗ്രേഡിംഗ്
ഓരോ പഠിതാവിന്റെയും നിലവാരം മറ്റൊരു ഗ്രൂപ്പിലുള്ള പഠിതാക്കളുമായി താരതമ്യം ചെയ്യുന്ന പ്രക്രിയ്യയാണ് ആപേക്ഷിക ഗ്രേഡിംഗ്.പ്രകടന നിലവാരത്തെ ആശ്രയിച്ചാണ് ഇവിടെ ഗ്രേഡിംഗ് നല്‍കുന്നത്.
ഗ്രേഡിംഗ് ശാസ്ത്രീയമാണ്.അനാവശ്യ മല്‍സരം ഒഴിവാക്കുന്നു.കുട്ടിയുടെ സിദ്ധികളെ യഥാര്‍ത്ഥത്തില്‍ പ്രതിഫലിക്കുന്നു.